
1978 മെയ് 27 നാണ് കവി ദിവംഗതനായത്. കവിയുടെ പേരിൽ ഒരു ട്രസ്റ്റ് രൂപീകരിക്കാൻ ശ്രീ സി പി ശ്രീധരൻ മുൻകയ്യെടുത്ത് പ്രവർത്തിക്കാൻ ഒരുക്കങ്ങൾ തുടങ്ങി. ഒക്ടോബറോടെ എറണാകുളം രജിസ്ട്രാർ ഓഫീസിൽ — മഹാകവി പി കുഞ്ഞിരാമൻ നായർ മെമ്മോറിയൽ ട്രസ്റ്റ് എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചു.
ഫൗൺഡേഴ്‌സ് ആയി കവി പത്നി കുഞ്ഞിലക്ഷ്മി അമ്മയും, മക്കളായ ലീല അമ്മയും രവീന്ദ്രൻ നായരും, രാധ, ബാലാമണി എന്നിവരും, ട്രസ്‌റ്റിമാരായി ശ്രീ. സി പി ശ്രീധരൻ, ശ്രീ. എ എം ദാമോദരൻ നായർ, ശ്രീ. എൻ കെ ബാലകൃഷ്ണൻ, ശ്രീ. പി സി കുട്ടികൃഷ്ണൻ, ശ്രീ. ഇയ്യങ്കോട് ശ്രീധരൻ, ഡോക്ടർ സുകുമാർ അഴിക്കോട്, ശ്രീ. സി പി ദാമോദരൻ നായർ, ശ്രീ. രവീന്ദ്രൻ നായർ, ശ്രീ. കെ. മാധവൻ, ശ്രീ. എ.കെ. നമ്പ്യാർ, പ്രൊഫ. മേലത്ത് ചന്ദ്രശേഖരൻ, ശ്രീ. കടാങ്കോട് പ്രഭാകരൻ, കെ. എം. അഹമ്മദ് എന്നിവരും നിയുക്തരായി. സി പി ശ്രീധരൻ ട്രസ്റ്റിന്റെ സെക്രട്ടറി ആയി എറണാകുളത്തും മറ്റു സ്ഥലങ്ങളിലും വെച്ച് വർഷം തോറും പി അനുസ്മരണ പരിപാടികൾ നടത്തിവന്നു.
1996 ഓടെ ഡോക്ടർ സുകുമാർ അഴിക്കോട് ചെയർമാനും, രവീന്ദ്രൻ നായർ സെക്രട്ടറിയുമായ കമ്മറ്റി നിലവിൽ വന്നു. 1997 മുതൽ പി സ്മാരക കവിത പുരസ്‌കാരം മലയാളത്തിലെ ഏറ്റവും നല്ല കാവ്യ കൃതിക്ക് നൽകാൻ തുടങ്ങി. കേരളത്തിന്റെ പല ഭാഗങ്ങളിലായി പരിപാടികളും പുരസ്‌കാര സമർപ്പണങ്ങളും നടന്നു. ആറ്റൂർ രവിവർമക്കും ഏറ്റുമാനൂർ സോമദാസനും പുരസ്‌കാരം നൽകിയത് UAE യിലെ ഷാർജയിൽ വെച്ചായിരുന്നു. 20,000 രൂപ ക്യാഷ് അവാർഡും മൊമെന്റോയുമാണ് പുരസ്‌കാരം.
Vision & Mission
മലയാള സാഹിത്യത്തിന്റെയും ഭാഷയുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക.
പുതിയ മലയാള സാഹിത്യ സൃഷ്ടികൾ പ്രോത്സാഹിപ്പിക്കുന്നതിനും വളർന്നുവരുന്ന മലയാള കവികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വേദിയൊരുക്കുക.
പൊതുസമൂഹത്തിൽ മലയാള സാഹിത്യത്തെയും കവിതയെയും പ്രോത്സാഹിപ്പിക്കുന്നതിനായി സാഹിത്യ പരിപാടികൾ, ശിൽപശാലകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുക.
നല്ല പ്രസാധകരെ കണ്ടെത്തി മഹാകവി പിയുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.




